മൂലമറ്റം: വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ ഇടിച്ചുമറിഞ്ഞ് 12 പേർക്ക് പരിക്ക്. കൊല്ലം സ്വദേശികളായ ട്യൂഷൻ സെന്ററിലെ കുട്ടികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി ഡാം സന്ദർശിച്ച ശേഷം തിരികെ വരുന്പോൾ തൊടുപുഴ-ഇടുക്കി റോഡിൽ ഗുരുതിക്കളത്തിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴിനാണ് സംഭവം. 14 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 11 കുട്ടികൾക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ കുളമാവ് കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും ചേർന്ന് ഏറെ ശ്രമകരമായി പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ പോലീസ് വാഹനത്തിലും മറ്റൊരു ട്രാവലറിലും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഡ്രൈവറെ പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.